പിന്നാക്കക്കാർക്ക് വിവേചനമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി
പിന്നാക്കക്കാർക്ക് വിവേചനമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി
ആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി പാലക്കാട്: ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പിന്നാക്കക്കാർക്ക് വിവേചനമെന്ന് തുറന്നടിച്ച് ഡി.സി.സി വൈസ് പ്രസിഡൻറും കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനുമായ സുമേഷ് അച്യുതൻ. സി.പി.എമ്മിലും ബി.ജെ.പിയിലുമുള്ളതുപോലെ കോൺഗ്രസിലും പിന്നാക്കക്കാരെ പിൻസീറ്റിലിരുത്തി ഉന്നത ജാതിക്കാർ മുൻസീറ്റിലിരിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ കൈ ചിഹ്നത്തിൽ നാലുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകില്ലെന്ന് ഡി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഇരട്ടനീതിയാണ് കാണുന്നത്. ആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി. ക്രിമിനൽ കേസിൽ മൂന്നുവർഷം ശിക്ഷ ലഭിച്ചയാളടക്കം ലിസ്റ്റിലുണ്ട്. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ തനിക്കിഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ്. പിന്നാക്ക വിഭാഗക്കാരെയാണ് വെട്ടിയതെന്നും സുമേഷ് പറഞ്ഞു. പിന്നാക്ക വിഭാഗക്കാർ അധികാര കേന്ദ്രങ്ങളിലെത്തരുതെന്ന ദുഷ്ടലാക്കാണിതിന് പിന്നിൽ. മറ്റൊരു ജില്ലയിലും സമാനസാഹചര്യം കാണാനാവില്ല.