സ്ഥാനാർഥികൾക്ക് ചോദ്യചിഹ്നമായി ഖമറുദ്ദീൻറ തകരഷീറ്റ് കുടിൽ
കൊല്ലങ്കോട്: ഖമറുദ്ദീെൻറ തകരഷീറ്റുകൊണ്ട് മറച്ച കുടിലിനു മുന്നിലൂടെയാണ് സ്ഥാനാർഥികൾ കടന്നുപോകേണ്ടത്. ജീർണാവസ്ഥയിലായ വീട് തകർന്ന് ആറ് വർഷമായും താമസിക്കാൻ മറ്റു മാർഗങ്ങളില്ലാതെ തകര ഷീറ്റ് മേഞ്ഞ ഷെഡ് നിർമിച്ച് അതിനകത്താണ് 44 കാരനായ ഖമറുദ്ദീനും ഭാര്യയും രണ്ട് മക്കളും വസിക്കുന്നത്.
ഓൺലൈൻ പഠനം മുടങ്ങിയ ഖമറുദ്ദീെൻറ മക്കൾക്ക് ടി.വി. എത്തിച്ചു നൽകാൻ ചില സന്നദ്ധ സംഘടനകൾ തയാറായതൊഴിച്ചാൽ ഒരു സഹായവും ഇൗ കുടുംബത്തിന് ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഭവനപദ്ധതികളിൽ അപേക്ഷ നൽകിയെങ്കിലും ഒരനക്കവും ഉണ്ടായില്ല. ഇതിനിടെ ഖമറുദീെൻറ അപേക്ഷ പരിഗണിച്ചതായി പറഞ്ഞെങ്കിലും പഞ്ചായത്തിലെത്തിയപ്പോൾ പേര് ഉണ്ടായില്ല.
ഇഴജന്തുക്കളുടെ വാസ കേന്ദ്രമായി മാറിയ ഖമറുദ്ദീെൻറ തകരഷെഡിനു മുന്നിലൂടെ കടന്നുപോകുന്ന എല്ലാ സ്ഥാനാർഥികൾക്കും ആ കുടിൽ ഒരു വലിയ ചോദ്യമായി നിൽക്കുകയാണ്. ഭവന പദ്ധതികൾ നിരവധി ഉണ്ടായിട്ടും ജീവിത പശ്ചാത്തലം പരിശോധിച്ച് പദ്ധതികളിൽ ഉൾപ്പെടുത്താൻ മാർക്ക് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരും ഖമറുദ്ദീനെ പോലുള്ള കുടിലിൽ വസിക്കുന്ന നിരവധി ദരിദ്ര വിഭാഗങ്ങളെ പരിഗണിക്കാത്തത് കക്ഷിരാഷ്ട്രീയത്തിനുപരിയായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു