തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നാം ദിനം ജില്ലയില്‍ ലഭിച്ചത് 1339 നാമനിര്‍ദ്ദേശ പത്രികകള്‍
നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ മൂന്നാം ദിവസം (നവംബര്‍ 16) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 1339 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ 90 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 63 ഉം ഗ്രാമപഞ്ചായത്തുകളില്‍ 1186 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളിൽ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിൽ ആണ് മൂന്നാം ദിവസം ഏറ്റവും കൂടുതൽ നാമനിർദേശപത്രികകൾ ലഭിച്ചത്. 27 നാമനിർദ്ദേശപത്രികകളാണ് ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിൽ ലഭിച്ചത്. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഏഴും ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ നാലും പാലക്കാട് മുനിസിപ്പാലിറ്റിയിൽ പത്തും ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 18 ഉം മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ 24 നാമനിർദ്ദേശപത്രികകളും അടക്കം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ഇതുവരെ ലഭിച്ചത് 94 നാമനിർദേശ പത്രികകൾ ആണ്.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 63 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ നാമനിർദ്ദേശപത്രികകൾ ലഭിച്ചത് പാലക്കാട് ബ്ലോക്കിലേക്കാണ്. 25 നാമനിർദേശ പത്രികകൾ ആണ് മൂന്നാം ദിവസം പാലക്കാട് ബ്ലോക്കിൽ ലഭിച്ചത്. മണ്ണാർക്കാട് ബ്ലോക്കിൽ 7, ഒറ്റപ്പാലം, കൊല്ലംകോട് ബ്ലോക്കുകളിൽ 5, പട്ടാമ്പി ബ്ലോക്കിൽ 4, ശ്രീകൃഷ്ണപുരം, കുഴൽമന്നം, ആലത്തൂർ ബ്ലോക്കുകളിൽ 3, മലമ്പുഴ ബ്ലോക്കിൽ 7, തൃത്താല ബ്ലോക്കിൽ ഒരു നാമനിർദ്ദേശപത്രികയും അടക്കമാണ് 63 നാമനിർദേശ പത്രികകൾ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച നാമനിർദേശപത്രിക ഇതോടുകൂടി 64 ആയി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ മൂന്നാം ദിവസം ലഭിച്ചത് 1186 നാമനിർദേശപത്രികകളാണ്. എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത്. 46 നാമനിർദേശ പത്രികകൾ ആണ് ഇവിടെ ലഭിച്ചത്. മൂന്നുദിവസങ്ങളിലായി 1225 നാമനിർദേശ പത്രികകൾ ആണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചത്.
ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയിൽ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ ആയി 1383 നാമനിർദേശ പത്രികകൾ ആണ് ലഭിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്