തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശപത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍ നവംബര്‍ 12 മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരിശോധന നടത്തും. പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. കോവിഡ് സാഹചര്യത്തില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മൂന്നു പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. വീടുകള്‍ കയറിയുള്ള പ്രചരണത്തിന് അഞ്ച് പേരില്‍ കൂടുതല്‍ ആവരുത്. നാമനിര്‍ദ്ദേശ പത്രികകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് അവരുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് ആകുകയാണെങ്കില്‍ പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നിര്‍ദ്ദശം നല്‍കി.
പുതുക്കിയ വോട്ടര്‍പട്ടിക നാളെ (നവംബര്‍ 11) പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നല്‍കിയ അപ്പീലുകള്‍ മാത്രമാണ് ഇനി പരിഗണിക്കുക. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പഴയ ഭരണ സമിതിയുടെ പരസ്യങ്ങള്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണം. പുതിയ പദ്ധതികള്‍ ആരംഭിക്കാനാവില്ല. എന്നാല്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തുടരുകയും പൂര്‍ത്തിയായ പ്രവൃത്തികള്‍ക്കുള്ള പണം അനുവദിക്കുകയും ചെയ്യാം. തിരഞ്ഞെടുപ്പ് പ്രചരണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കണം. മണ്ണില്‍ ലയിച്ചു ചേരുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള സാമഗ്രികള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു. പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേകം ക്യാരിബാഗുകള്‍ തയ്യാറാക്കുകയും തിരഞ്ഞെടുപ്പിന് ശേഷം ഇവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും ചെയ്യണം. തിരഞ്ഞെടുപ്പ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കല്കട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.കെ.രമ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്