മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ;
മലമ്പുഴ റിംഗ് റോഡ് നടപടികൾ ആരംഭിച്ചതായി ജില്ലാകളക്ടർ
പാലക്കാട് : മലമ്പുഴ റിംഗ് റോഡിന്റെയും അതിനോട് അനുബന്ധിച്ചുള്ള പാലത്തിന്റെയും നിർമ്മാണത്തിനുള്ള നടപടികൾ കേരള റോഡ് ഫണ്ട് ബോർഡ് ആരംഭിച്ചതായി പാലക്കാട് ജില്ലാകളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നാട്ടുകാരുടെ ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.
മലമ്പുഴ റിംഗ് റോഡ്, റോഡ് ബ്രിഡ്ജ്, അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണത്തിന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇറിഗേഷൻ വകുപ്പിൽ തന്നെ നിലനിർത്തി കൊണ്ട് പാലത്തിന്റെയും റോഡിന്റെയും ഉപയോഗവും പരിപാലനവും പൊതുമരാമത്ത് വകുപ്പിന് നൽകിയതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
റോഡ് നിർമ്മാണത്തിനായി വനംവകുപ്പിന് നൽകേണ്ട 10,95,050,00 രൂപ ആവശ്യപ്പെട്ട് കേരളറോഡ് ഫണ്ട് ബോർഡ് പ്രോജക്റ്റ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. എസ്റ്റിമേറ്റിന് സാങ്കേതിക അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. തുടർ നടപടികൾ കിഫ്ബി പ്രവർത്തികളുടെ പർപ്പസ് വെഹിക്കിൾ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡ് നടത്തിവരുന്നതായും റിപ്പോർട്ടിലുണ്ട്. മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി.