തായമ്പകയിൽ പുതിയ കയ്യൊപ്പുമായി ‘സൂക്ഷ്മതായമ്പക’:
പാലക്കാട്◾
പുറത്തിറങ്ങി ഒത്തുചേരാൻ കഴിയാത്ത ഈ കാലത്ത് തായമ്പകയുടെ എല്ലാ സവിശേഷതകളും ഉൾപ്പെടുത്തി ആസ്വദിക്കാൻ ചിട്ടപ്പെടുത്തിയ 5 മിനിറ്റ് തായമ്പകയാണ് ‘സൂക്ഷ്മതായമ്പക’. തന്റെ പ്രിയപ്പെട്ട വർക്കായി ഓണക്കാലത്ത് നൽകിയ ഓണപ്പുടവയായിരുന്നു ഏറ്റവും ചുരുങ്ങിയ ദൈർഘ്യത്തിൽ ശുകപുരം രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഈ തായമ്പക. ഇത് തായമ്പക ചരിത്രത്തിൽ ഒരു രേഖപ്പെടുത്തലാണ്. ‘സൂക്ഷ്മതായമ്പക’ എന്നൊ ‘കൊച്ചുതായമ്പക’ എന്നൊ നമുക്കിതിനെ തായമ്പകയുടെ ചരിത്രത്തിൽ രേഖപ്പെടുത്താം.
തായമ്പക രംഗത്ത് സ്വന്തമായ ശൈലി തുടരുന്ന ശുകപുരം രാധാകൃഷ്‌ണന്‍ ഒരദ്‌ഭുതമാണ്.
തായമ്പകയുടെ കുലീന ശൈലി,കൊട്ടിലെ ഘന ശബ്ദം എന്നിവ ഈ കലാകാരനെ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാക്കുന്നു. വ്യത്യസ്‌ത ആസ്വാദന ശീലമുള്ളവരെ പോലും തൃപ്‌തി പ്പെടുത്താനുള്ള അപാരമായ വഴികള്‍ ശുകപുരത്തിന്റെ മേളപ്പെരുക്കത്തിലുണ്ട്.
പഴമയുടെ ശുദ്ധിയില്‍ തായമ്പകയെ കാലികമായി ആഖ്യാനിക്കാന്‍ കഴിഞ്ഞ പുതിയ അവതരണ രീതിയായ ‘സൂക്ഷ്മതായമ്പക’ (Microthayambaka) തായമ്പകയുടെ പുതിയ ചരിത്രങ്ങൾ രചിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനു പുറമെ ഇരട്ടത്തായമ്പകയിലും പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ശുകപുരം രാധാകൃഷ്ണൻ.
കൂടാതെ, റെക്കോർട്ടുകൾ രേഖപ്പെടുത്തുന്ന ഗിന്നസ് റെക്കോർഡും ഈ തായമ്പകയെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ്. ഏറ്റവും ദൈർഘ്യം കുറഞ്ഞതായമ്പക എന്ന വിശേഷണമിപ്പോൾ സൂക്ഷ്മതായമ്പകക്ക് സ്വന്തമാണ്. ചിട്ടപ്പെടുത്തിയതു കൂടാതെ അവതരിപ്പിച്ചതും ശുകപുരം രാധാകൃഷ്ണൻ തന്നെ.
ചരിത്ര രേഖപ്പെടുത്തലായ ‘സൂക്ഷ്മതായമ്പക’ ആദ്യ അവതരണം ശുകപുരം രാധാകൃഷ്ണൻ നടത്തിയപ്പോൾ
ഇടന്തല സൗമ്യേഷ് മേനോൻ,
വലന്തല ആദിത്യകൃഷ്ണൻ,
ഇലത്താളം അർജ്ജുൻ കുളങ്ങര എന്നിവർ ഭംഗിയായി കൈകാര്യം ചെയ്തു. 5 മിനിറ്റ് ദൈർഘ്യമുള്ള ഈ തായമ്പക സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ചിട്ടപ്പെടുത്തിയതിനു ശേഷം നടത്തുന്ന സൂക്ഷ്മതായമ്പകയുടെ ആദ്യ അവതരണം കൂടിയാണ് പാലക്കാട് പ്രസ് ക്ലബ്ബിൽ നടന്നത്.
കൃഷി ഓഫീസര്‍ എന്ന നിലയിലും, വാദ്യ വിദഗ്‌ദ്ധന്‍ എന്ന നിലയിലും പ്രശസ്തി നേടിയ ഇദ്ദേഹത്തിന് സുവര്‍ണമുദ്രയും മറ്റനേകം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ‘സൂക്ഷ്മതായമ്പക’ (‘കൊച്ചുതായമ്പക’) സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഒപ്പം അടുത്ത ”കൊച്ചു ഇരട്ടതായമ്പക’ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പും.