പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി
കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതായി ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു- സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ജില്ലയിൽ കോവിഡ് വ്യാപനം വർദ്ധിക്കുകയും ഗുരുതര രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർക്കും മറ്റ് അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർക്കും ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്