യുണിക് തണ്ടപ്പേര്‍ സിസ്റ്റം മെയ് 16 ന് ആരംഭിക്കും : മന്ത്രി കെ. രാജന്‍
ജില്ലാതല പട്ടയമേളയില്‍ 6226 പട്ടയങ്ങള്‍ വിതരണം ചെയ്തു
യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. ഇതോടെ രാജ്യത്ത് ആദ്യമായി യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം(യു. ടി എസ് ) നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ തണ്ടപ്പേരുകളും ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ പല തണ്ടപ്പേരുകളില്‍ അനധികൃതമായി ഭൂമി കൈവശം സൂക്ഷിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. ഇത്തരം അനധികൃതമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിനും രേഖ ഇല്ലാത്തവര്‍ക്ക് രേഖ നല്‍കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാലക്കാട് ജില്ലയെ ഇ – ഡിസ്ട്രിക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി ചൂണ്ടികാണിച്ചു. വില്ലേജുകളില്‍ ജനകീയ സമിതികള്‍ രൂപവത്കരിക്കാനും റവന്യൂ വകുപ്പിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
2022-23 വര്‍ഷത്തില്‍ മലയോര, ആദിവാസി മേഖലയിലെ മുഴുവന്‍ പേര്‍ക്കും അര്‍ഹമായ ഭൂമിയുടെ പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട് . വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍പു നല്‍കിയ 1070 പട്ടയങ്ങള്‍ ഉള്‍പ്പെടെ 7296 പട്ടയങ്ങളാണ് ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ സങ്കീര്‍ണമായ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തര ഇടപെടലുകള്‍ നടത്തുന്ന ജില്ലാകലക്ടറെ മന്ത്രി അഭിനന്ദിച്ചു.ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയ മേളയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കാലങ്ങളായി ജീവിച്ചു വരുന്ന ഭൂമിക്ക് സ്വന്തമായി രേഖ ലഭിക്കുന്നവരുടെ സന്തോഷം നേരിട്ട് കാണാന്‍ കഴിയുന്നത് ജനപ്രതിനിധി എന്ന നിലയില്‍ സംതൃപ്തിനല്‍കുന്നുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പറഞ്ഞു.
പട്ടയ മേളയില്‍ വിതരണം ചെയ്ത് 6226 പട്ടയങ്ങള്‍
ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത് 6226 പട്ടയങ്ങള്‍ . ഇതില്‍ 5102 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ്. കെ.എസ്.ടി പട്ടയം (7) , ലക്ഷംവീട് പട്ടയം/ നാല് സെന്റ് പട്ടയം(721),ഭൂമി പതിവ് പട്ടയം(144), മിച്ചഭൂമി പട്ടയം(69), വനാവകാശ രേഖ (183) എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.
വനാവകാശ രേഖ ലഭിച്ച സന്തോഷത്തില്‍ അട്ടപ്പാടിയിലെ രണ്ടാം തലമുറ
രണ്ട് തലമുറകളായി കൈവശമിരിക്കുന്ന ഭൂമിക്ക് വനാവകാശ നിയമപ്രകാരം ജില്ലാതല പട്ടയമേളയില്‍ ഭൂമിയുടെ രേഖ ലഭിച്ച സന്തോഷത്തിലാണ് അട്ടപ്പാടിയിലെ 183 കുടുംബങ്ങള്‍. സുബ്രഹ്മണ്യന്‍, രജിത, മരുതന്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് വനാവകാശ രേഖ ഏറ്റുവാങ്ങി. അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍, വെച്ചപ്പതി, കോഴിക്കൂടം ഊരു നിവാസികളായ ഒരേക്കര്‍ മുതല്‍ നാലര ഏക്കര്‍ വരെയുള്ള ഭൂമിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്നവര്‍ക്കാണ് ഭൂമിക്ക് അവകാശം ലഭിച്ചത്.
എണ്‍പതാം വയസില്‍ ലഭിച്ച പട്ടയം നെഞ്ചോട് ചേര്‍ത്ത് അന്നമ്മാള്‍
ജീവിച്ചുവന്ന ഒരു ഏക്കര്‍ ഭൂമിക്ക് എണ്‍പതാം വയസില്‍ ലഭിച്ച പട്ടയം നെഞ്ചോട് ചേര്‍ക്കുകയാണ് ഒഴലപ്പതി സ്വദേശി അന്നമ്മാള്‍. ജില്ലാ തല പട്ടയമേളയില്‍ കുടുംബാഗങ്ങളോടൊപ്പം എത്തിയാണ് അന്നമ്മാള്‍ മന്ത്രിയില്‍നിന്ന് രേഖ ഏറ്റുവാങ്ങിയത്. ഭൂമി പതിവ് പട്ടയമാണ് അന്നമ്മാളിന് ലഭിച്ചത്.
സര്‍ക്കാരിന് നന്ദി പറഞ്ഞ് നാടന്‍പാട്ട് കലാകാരന്‍ പ്രണവം ശശി
മുത്തശ്ശന്റെ കാലം മുതല്‍ കുടുംബത്തിന്റെ കൈവശമിരുന്ന പതിനാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിനു സര്‍ക്കാരിന് നന്ദി പറയുകയാണ് നാടന്‍പാട്ട് കലാകാരനായ പ്രണവം ശശി. പുതുശ്ശേരി കൊളയക്കോട് സ്വദേശിയായ പ്രണവംശശിക്ക് ജില്ലാതല പട്ടയമേളയില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ പ്രകാരമുള്ള പട്ടയമാണ് ലഭിച്ചത്.
എം.എല്‍.എമാരായ കെ. ബാബു, കെ .പ്രേംകുമാര്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം.കെ. മണികണ്ഠന്‍, ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, എ.ഡി.എം.കെ മണികണ്ഠന്‍, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, ടി.സിദ്ധാര്‍ത്ഥന്‍, കെ.ആര്‍. ഗോപിനാഥ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്