1500 ലിറ്റർ വാറ്റ് പിടികൂടി നശിപ്പിച്ചു
മലമ്പുഴ: ലോക്ഡൗൺ മുന്നിൽ കണ്ട് വാറ്റുചാരായം നിർമിക്കാൻ തയാറാക്കിയ 1500 ലിറ്റർ വാഷ് അധികൃതർ പിടികൂടി നശിപ്പിച്ചു. സ്ഥലത്ത് വാറ്റുകയായിരുന്ന അകത്തേത്തറ സ്വദേശി കൃഷ്ണചന്ദ്രൻ (33), മുണ്ടൂർ സ്വദേശികളായ സുരേഷ് (33), അൻഷാദ് (30) എന്നിവരെ അറസ്റ്റ് ചെയ്തു.
പാലക്കാട് ഡാൻസാഫ് സ്ക്വാഡും മലമ്പുഴ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മലമ്പുഴ കനാലിന് പരിസരത്ത് കുറ്റിക്കാട്ടിൽ കന്നാസുകളിൽ സൂക്ഷിച്ച വാഷ്, ശർക്കര, വാറ്റുപകരണങ്ങൾ, സാധനങ്ങൾ കൊണ്ടുവന്ന വാഹനങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
മലമ്പുഴ എസ്.ഐ എസ്. ജലീൽ, എസ്.ഐ വിജയരാഘവൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുജയ് ബാബു, രാധാകൃഷ്ണൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, യു. സൂരജ് ബാബു, കെ. ദിലീപ്, എസ്. ഷമീർ, വിനീഷ്, രാജീദ്, അഹമ്മദ് കബീർ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.










